Monday, 14 October 2013

grandma


എന്റെ വല്ല്യമ്മച്ചി !

സുന്ദരിയാണ് എന്‍റെ വല്യമ്മച്ചി. വെളുത്തിട്ട് കൃശഗാത്ര, പൊക്കവും നന്നേ കുറവ്. നരച്ച പഞ്ഞിക്കെട്ടുപോലത്തെ നീളന്‍ മുടി. ചിരിക്കുമ്പോള്‍ എന്താ ഒരു ഭംഗി. (അത് മക്കള്‍ക്കോ ഞാനുള്‍പ്പെടെയുള്ള മക്കളുടെ മക്കള്‍ക്കോ കിട്ടിയിട്ടുമില്ല, മറ്റുള്ളവരുടെ മനസ്സിലിരിപ്പ് അറിയില്ല, എനിക്ക് സാമാന്യം നല്ല കുശുമ്പ് ഉണ്ട്). ഇപ്പൊ എൺപത്തിനാല് വയസ്സുണ്ടെന്ന്  ഒരു ഏകദേശ കണക്ക്‌. വല്യപ്പച്ചന്‍ മരിച്ചതിൽ‌പ്പിന്നെ സ്വാതന്ത്ര്യം കിട്ടി, ഒരു “Free Bird” ആയി. ഇതു പറയുമ്പോള്‍ emotional quotient ഇല്ലാത്ത വൃത്തികെട്ട സ്ത്രീ എന്ന്‍ എന്നെപ്പറ്റിചിന്തിക്കാന്‍വരട്ടെ. അമ്മച്ചിയുടെ നേരെ ക്യാമറ ഒന്ന് ഫോക്കസ്‌ ചെയ്തോട്ടെ, ഈ വീഡിയോ ക്ലിപ്പിംഗ് ഒന്ന് ശ്രദ്ധിക്കൂ :

പന്ത്രണ്ടു വയസ്സില്‍ എന്നെ താലി കെട്ടി കൊണ്ട് വന്നതാ മോനെ, അന്ന് തുടങ്ങിയ കഷ്ടപ്പാടാ. നാലു അല്ല അഞ്ചു പ്രസവിച്ചു, ഒന്ന് മരിച്ചു പോയി . ഇളയ മോളെ ഗര്‍ഭിണി ആയിരുന്നപ്പോ പത്തു മാസവും ചര്‍ദ്ദി ആയിരുന്നു. പിന്നെ ബോധമില്ലാതെ ആറു മാസം കിടന്നു. അപ്പച്ചന്‍ ഒരു കാര്യോം അന്വേഷിക്കുക പതിവില്ല ( ഞാന്‍ അമ്മച്ചിയെ ഒന്നു തുറിച്ചു  നോക്കിയതോടെ അമ്മച്ചിയുടെ പരാതി വിസ്താരത്തില്‍ ഒരു “sudden brake/break”). ഇപ്പൊ സ്വസ്ഥായി. ഇവളുടെ മോനെയും കാണാനുള്ള ഭാഗ്യം ഉണ്ടായി. ഇനി അപ്പച്ചന്റെ അടുത്തു ഒന്ന് ചെന്ന് എത്തിയാല്‍ മതി”.(എന്നിട്ട് എന്നെ ഒരു നോട്ടം. അമ്പടി കള്ളി, കൊള്ളാമല്ലോ അഭിനയം എന്ന് ഞാനും)

വല്യമ്മച്ചിയോടു ഒരു യുദ്ധം ഉണ്ടാക്കാന്‍ കിട്ടുന്ന ഇത്തരം അവസരങ്ങള ഞാൻ പാഴാക്കാറില്ല. വല്യപ്പച്ചനല്ലായിരുന്നു കല്യാണം കഴിച്ചിരുന്നതെങ്കി ല്‍ കാണാമായിരുന്നു മറിയാമ്മേ നിന്റെ കാര്യം. പണ്ടേ സെമിത്തേരിയില്‍ കിടക്കായിരുന്നു. ഇത് കേട്ടിട്ട് വല്യമ്മച്ചി കുലുങ്ങി ചിരിച്ചു.

ഞാന്‍ യുദ്ധം നിര്‍ത്താ തീരുമാനിച്ചിട്ടില്ലെന്ന് എനിക്കും അമ്മച്ചിക്കും നന്നായി അറിയാം. വെറുതെ അറിവില്‍ കുറവ് വരുത്തുന്നത് ശരിയല്ലല്ലോ . “35 വയസ്സില്‍ ഒന്ന് ചര്‍ദ്ദി ഉണ്ടായി എന്നത് ഇതുവരെ തീര്‍ന്നില്ലേ. അത് കഴിഞ്ഞു മകള് ചര്‍ദ്ദിച്ചു, മകളുടെ മകള്‍ ചര്‍ദ്ദിച്ചു, എന്നിട്ടും തീര്‍ന്നില്ല ഈ പഴംകഥ. പെണ്ണുങ്ങള്‍ ആയാല്‍ ഇടയ്ക്കിടയ്ക്ക് ഒന്ന് ചര്‍ദ്ദിക്കും. മീഡിയക്കാര്‍ക്ക് ( എന്നു വെച്ചാൽ ഇവിടെ എനിക്ക്)പുതിയ sensations ഉണ്ടാക്കുന്ന കഥ വേണം. നാണമില്ലല്ലോ എന്റെ വല്യമ്മച്ചി യാന്നു പറഞ്ഞു കട്ടിലില്‍ എങ്ങനെ ഇരിക്കാ . പെണ്‍കുട്ടികളായാല്‍ എന്തെല്ലാം പണികളില്‍ സഹായിക്കും?

എന്‍റെ ഹൃദയം “out of station” ഒന്നും അല്ല. അമ്മച്ചി ഇരിപ്പില്‍ ആയതിൽ‌പ്പിന്നെ വിഷമിക്കുന്നത് കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ചു ഞാന്‍ ഒരു ഗംഭീര “counseling” കൊടുക്കും. ( ഞാനാരാ മോള്, ഭയങ്കര സംഭവമല്ലേ) എന്റെ അമ്മച്ചിക്കുട്ടന്‍ എന്തിനാ വിഷമിക്കുന്നെ, പ്രായമായാല്‍ പിന്നെ ആള്‍ക്കാരു വിശ്രമിക്കണം. 12 വയസ്സില്‍ തുടങ്ങിയ കഷ്ടപ്പാടല്ലേ. മക്കളെ വളര്‍ത്തി ഓരോരോ നിലയിലാക്കി, കാറിലാക്കി . മൂത്തമകന് രണ്ടു നില, രണ്ടാമത്തവള്‍ക്കും അതെ നില . മൂന്നമാത്തവള്‍ വലിയ നിലയില്‍, നാലാം നിലയില്‍. ചര്‍ദ്ദിച്ചു ചര്‍ദ്ദിച്ച് ഉണ്ടായവള്‍ ഏറ്റവും വലിയ നിലയിലും പത്രാസ്സിലും! 80 കഴിഞ്ഞാല്‍ വിശ്രമിച്ചു മരിക്കേണ്ട സമയമായി. നാലു വര്‍ഷം Indian Railway പോലെ late ആയിട്ടാ വണ്ടി ഓടുന്നത് , ഇനിയെങ്കിലും വിശ്രമം തുടങ്ങിയില്ലെങ്കില്‍ ഞാന്‍ മരിച്ചാ പിന്നെ ആരാ നോക്കാനുള്ളത്”. ഹാസ്യബോധം കുറച്ചു കൂടുതലാണ് എന്‍റെ അമ്മച്ചിക്ക്. അമ്മച്ചി കുലുങ്ങി ചിരിച്ചു. (  അടിപൊളി counseling ആണ് )

അമ്മച്ചി ഒന്ന് വീണതാ ഒരു വര്‍ഷം മുന്‍പ്‌. രണ്ടു മൂന്നു ദിവസം വടിയൊക്കെ കുത്തി നടന്നു. പിന്നെ പതുക്കെ പതുക്കെ നടക്കാന്‍ പറ്റാതായി. വല്ലാത്ത വേദനയും പ്രശ്നങ്ങളും! ആശുപത്രിയില്‍ കുറച്ചു ദിവസത്തെ പരിശോധനകള്‍ക്ക് ശേഷം, പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല, ഇത്ര പ്രായമായ ആളല്ലേ, എന്ന് പറഞ്ഞു വിട്ടു. വേദന കൊണ്ട് രാത്രി മുഴുവന്‍ കരച്ചിലായിരുന്നു പിന്നിടുള്ള ദിവസങ്ങളില്‍. ഒരുപാട് ആശങ്കകളും ഉണ്ട് അമ്മച്ചിക്ക്.

ഞാന്‍ അമ്മച്ചിയുടെ കട്ടിലിനു താഴെ തന്നെ കിടക്കും. അമ്മച്ചി അനങ്ങിയാ ഞാനറിയും. പക്ഷെ ഈ വേദനിച്ചിട്ടുള്ള കരച്ചില്‍കേട്ട്‌ എനിക്ക് പിന്നെ ഉറങ്ങാനും പറ്റാറില്ല. അമ്മച്ചി ഉറങ്ങാതിരിക്കുമ്പോൾ ആശങ്കകളും ആകുലതകളും വളരെ കൂടുതലാണ്.നമ്മൾ വിചാരിക്കുന്നതുപോലെ അത്ര നിസ്സാരകാര്യങ്ങളല്ലിവ.നട്ടിട്ടോമനിച്ചുവളർത്തിയ മൂവാണ്ടന്മാവിലെ മാങ്ങകൾ ആരുപെറുക്കിക്കൊണ്ടുപോകുന്നുണ്ടാവും,പ്ലാവിലെ ചക്ക ആർക്കും പ്രയോജനമില്ലാതെ നിലത്തു ചതഞ്ഞുവീണുപോയിട്ടുണ്ടാവുമോ, കൊച്ചുമകൻ പുഴയിൽ കുളിക്കാൻപോയിട്ട് കഴുന്ന ( നീർനായ) പിടിക്കുമോ? അങ്ങനെ വലിയ പ്രശ്നങ്ങളാണ് തലയിൽ. മാവിലെ മാങ്ങാ ആർക്കെങ്കിലും ഗുണപ്പെട്ടാൽ‌പ്പോരെ…, സ്വന്തം മക്കളും കൊച്ചുമക്കളും മാത്രം കഴിക്കുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നതെന്തിനാണ്..? എന്റെ കോളേജിലെ മറിയചേച്ചിയാണെങ്കിൽ വീട്ടിലെ മൂവാണ്ടൻ മാമ്പഴം ഭംഗിയായി പൂളി കഷണങ്ങളാക്കി മേശപ്പുറത്തു കൊണ്ടുവെച്ചുതരും. എടുത്തു കഴിച്ചാൽ മതി. ചേച്ചിയും ഭർത്താ‍വും മാത്രമേ വീട്ടിലുള്ളൂ. മക്കൾ വിദേശത്താണ്. പ്രകൃതി കൊടുക്കുന്ന സമ്പത്ത്

ഞങ്ങൾക്ക്  തന്നാണ് ചേച്ചി സന്തോഷിക്കുന്നത്. എത്ര വലിയ മനസ്സ്. അമ്മച്ചിയുടെ മാവിലെ മാങ്ങതന്നെ കഴിക്കണമെന്നു വെച്ചാൽ എത്ര ബുദ്ധിമുട്ടാണ്. 2 മൈൽ നടന്നുപോയി പെറുക്കി, ചുമന്നു കൊണ്ടുവന്നു…ഓ ഓർക്കാൻ വയ്യ. അതു അവിടെയുള്ളവർ പെറുക്കട്ടെ അമ്മച്ചിക്കുട്ടാ. ഒരുപാടു മറ്റുള്ളവർക്കു കൊടുത്തതല്ലേ. ഇപ്പോ ഇങ്ങനെ മനസ്സു കുഞ്ഞാക്കുന്നതെന്തിനാ. അമ്മച്ചിക്കു കൊടുക്കാനെന്നു പറഞ്ഞു ചേച്ചി തന്നു വിടുന്നത് കൊതിമാറെ കഴിക്കുന്നും ഉണ്ടല്ലോ. പ്രകൃതിമാതാവ് മുഖം നോക്കാറില്ലല്ലോ..എന്റെ അമ്മച്ചിയും പണ്ടത്തെപ്പോലെ, ഉണ്ടില്ലെങ്കിലും മറ്റുള്ളവർക്കു കൊടുക്കുന്ന ആ പഴയ അമ്മച്ചി ആയാ മതി. ഇതും പറഞ്ഞു ഒരുമ്മ കൊടുത്താൽ കുറച്ചുനേരത്തേക്ക് അമ്മച്ചി അതീവ മര്യാദക്കാരി. പക്ഷേ, ശങ്കരി പിന്നെം മാവേലും പ്ലാവെലും. ചിലപ്പോ തെങ്ങിലും കയറുംട്ടോ.

ഉറങ്ങാതെ കിടക്കുമ്പോൾ ഈ വേവലാതികളൊക്കെ അമ്മച്ചി ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും.ഉറക്ക ഗുളിക കൊടുത്താലൊ എന്നു ഇടയ്ക്കു ഞാന്‍ തലയില്‍ പുകയൊക്കെ വരുന്നതു വരെ ചിന്തിക്കുക പതിവാക്കി. ഫാര്‍മസി ആണെന്റെ ബിരുദം. ഫര്‍മസ്യുട്ടിക്കല്‍ കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദം. ഈ അറിവുചിന്തകള്‍ ഒരു ഭരണിയില്‍ ഇട്ടു വച്ചിരിക്കുന്നത് ചിലപ്പോഴൊക്കെ മിക്സ്‌, റീമിക്സ് എന്നിവ അവസരോചിതമായി ചെയ്യാനാണ്‌.

അമ്മച്ചിയുടെ ആവലാതികൾ കുറക്കാൻ “alprazolamഎന്ന ( മരുന്ന്) ആശയം ഒരുപാട് തവണ മനസ്സില്‍ കയറി, പിന്നെ ഇറങ്ങി. പക്ഷേ ഭരണിയുടെ അടപ്പ്‌ തല്‍ക്കാലം തുറന്നില്ല. ഒടുവില്‍ മലയാളിയുടെ മൂന്നാമത്തെ വെപ്പായ അവസാനത്തെ വെപ്പ് വേണ്ടെന്നു വെച്ചു.

Alprazolam, “ആശങ്ക കുറക്കുകഎന്ന് ഉദ്ദേശിച്ചിരിക്കുന്ന വിഭാഗത്തില്‍പ്പെട്ട മരുന്നാണ്. പക്ഷെ, പ്രായമായവ൪ക്കു ഇതു കൊടുക്കാനായി ഒരു തീരുമാനമെടുക്കാ൯ എത്ര തവണ ഈ ഫാ൪മസിക്കാരി ആലോചിക്കണം. 65 വയസ്സിലേറെ പ്രായമായവർക്ക് ഇത് നിഷിധം.

ഗ്ലോക്കോമ (Glaucoma)- കണ്ണിൽ മർദ്ദവ്യത്യാസം -ഉള്ളവ൪ക്കു ഇതു കൊടുക്കാനേ പാടില്ല. കരള്‍, വ്രക്ക, ശ്വാസകോശം, ഇവയ്ക്ക് ഒക്കെ പ്രശ്ങ്ങള്‍ ഉണ്ടെങ്കില്‍ ഈ മരുന്ന് കൊടുത്താലോ എന്നു ചിന്തിക്കുന്നതേ പാപം.ഇനി പ്രായം കുറഞ്ഞവർക്ക് ഇതു കൊടുക്കണമെങ്കിൽ അവിടെയും കടമ്പകളേറെ കടക്കാനുണ്ട്.

ഒരിക്കൽ കഴിച്ചുതുടങ്ങിയാൽ പിന്നീട് ഈ മരുന്ന് കഴിക്കാ‍തെ ജീവിതം മുന്നോട്ട് നീങ്ങില്ലെന്നാവും (habit forming). അതുകൊണ്ടുതന്നെ ഡോക്ടർ നിർദ്ദേശിക്കുന്ന അളവിൽ ( തൂക്കത്തിലും)ത്തന്നെ കഴിക്കണം. ആശങ്കകൾ  ഓടിപ്പോവുന്ന “ മാജിക്” ഉടൻ പ്രാപ്യമായില്ലെന്നു കരുതി കുരുട്ടുബുദ്ധി കാണിച്ച് അളവും എണ്ണവും കൂട്ടരുത്, തോന്നുമ്പോഴൊക്കെ എടുത്ത് കഴിക്കരുത്, ഡോക്ടർ നിർദ്ദേശിച്ച കാലാവധി കഴിഞ്ഞ് തുടരരുത്.ഇത് അടുത്ത വീട്ടിലെ കൊച്ചനോടു പറഞ്ഞിട്ടു കേട്ടഭാവം കാണിച്ചില്ലെന്നു മാത്രമല്ല, നൃത്താദ്ധ്യാപിക എന്നെ പഠിപ്പിച്ച നവരസ ങ്ങളൊന്നുമല്ലാത്ത ഏതോ ഒരു ഭാവം കൂടി കാണിച്ചു. അത് എനിക്ക് മനസ്സിലായില്ലെങ്കിലും “ആല്പ്രാസോളം കുളിക”അവനത് മനസ്സിലാക്കിക്കൊടുത്തു. എന്റെ വിരലിൽത്തൂങ്ങി ഇസ്ക്കൂളിലേക്കു തുള്ളിതുള്ളി അവൻ പോരുന്നത് ഇന്നും ഞാനോർക്കുന്നു.അന്നൊക്കെ എന്തിനും ഞാൻ തന്നെ വേണമായിരുന്നവന്. ഫാർമസി പഠിക്കാൻ മംഗലാപുരത്തേക്ക് തീവണ്ടിയിൽക്കയറി തിരിഞ്ഞുനോക്കിയപ്പോ  അവന്റെ കൺപോളകളിൽക്കിടയിൽ ഉതിർന്ന് വീഴാൻ മടിച്ചുനിന്ന കണ്ണുനീർത്തുള്ളികൾ. എന്റെ  നിറഞ്ഞ കണ്ണ്, കാഴ്ച മറച്ചിരുന്നു. ഓർമ്മകൾ ക്ഷണിക്കാതെ തിക്കിതിരക്കി വരുന്നതെന്തിനാണാവോ…!അവനാണ് ഈ തരത്തിൽ അനുസരണമില്ലാതെ തന്തോന്നിയായി ആല്പ്രാസോളം കുടലിൽനിറച്ച് നടക്കുന്നതെപ്പോഴും. ഈ മരുന്ന് ഇങ്ങനെ ഡോക്ടർ പറയാതെ വീണ്ടും വീണ്ടും വാരിക്കഴിക്കല്ലേ പൊന്നുമോനേന്നുള്ള ഒരു ‘നമ്പറ്‘, നേരെ അവന്റെ ഹൃദയത്തിലെങ്ങോ തറച്ചുനിന്നൂന്നാ അവൻ പിന്നീട് പറഞ്ഞത്. (അതു പറയുമ്പോൾ ശബ്ദവ്യതിയാനത്തിൽ ഞാനും ഇത്തിരി ശ്രദ്ധിച്ചിരുന്നു. ടാർഗറ്റ് ഹൃദയമായിരുന്നുവല്ലോ). ഹൃദയത്തിൽ തറച്ചതും പയ്യൻസിനു ബോധോദയം. പെട്ടെന്ന് മരുന്നു നിർത്തി. ശരിക്കും ഭൂദോദയമായിരുന്നു. ഈ മരുന്ന് പെട്ടെന്നു നിർത്തിയാലുള്ള പ്രശ്നങ്ങൾ ഏതാണ്ട് അതിനു തുല്യമാണ് എന്റെ അഭിപ്രായത്തിൽ. കാരണം ശരീരത്തിന്റെ പല ഭാഗങ്ങൾ നമുക്കു നിയന്ത്രിക്കാനാത്ത വിധം വിറക്കും, മങ്ങിയ കാഴ്ച, വെളിച്ചത്തോടും ശബ്ദത്തോടും അകാരണമായി പ്രതികരിക്കുക, വല്ലാതെ വിയർക്കുക, ഉറക്കമില്ലായ്മ, ഉറക്കം തുടരുക, മണം പിടിക്കാനുള്ള മൂക്കിന്റെ കഴിവിൽ മാറ്റം വരുക, മസില് കയറ്റം, നിരാശ, ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റാതെ വരുക, മാനസീകതകർച്ച, വിശപ്പില്ലായ്മ, ബഹളമുണ്ടാക്കൽ, പ്രകോപിക്കൽ….പിന്നെ ഇതൊന്നും പോരാഞ്ഞ് വയറ്റിളക്കം, ഛർദ്ദി…ഈശ്വരാ ഒരു തരത്തിലാണ് അവനെ ആശുപത്രിയിലെത്തിച്ചത്. പാവം അവന്റെ അമ്മയെ സമ്മതിക്കണം. ഇനി വിളിച്ചപേക്ഷിക്കാൻ ദൈവങ്ങളൊന്നും ബാക്കിയില്ലവർക്ക്. ഈ മരുന്ന് പെട്ടെന്ന് നിർത്തരുതെന്ന് പറഞ്ഞുകൊടുക്കാമായിരുന്നെനിക്ക്. പക്ഷെ,  നിർത്താൻ പ്ലാനുണ്ടൊ എന്ന രസമൊന്നും അവന്റെ മുഖത്തുണ്ടായിരുന്നില്ലല്ലോ!.ഡോക്ടറുടെ നിർദ്ദേശപ്രകാരം പതുക്കെ പതുക്കെ പിന്നേം പതുക്കെ അളവുകുറച്ചുകുറച്ചു കൊണ്ടുവന്നുവേണം ഇത് നിർത്താൻ. ഈ മരുന്നു മറ്റു മരുന്നുകളേപ്പോലെയല്ല, ഡോക്ടറെ കാണുമ്പോഴും കഴിക്കുമ്പോഴും ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കണം. പല മരുന്നുകളും ഇതുമായി ശരീരത്തിനുള്ളിൽ വെച്ച് പ്രതിപ്രവർത്തിക്കും. അതുകൊണ്ട് ഏതെങ്കിലും മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അതു ഡോക്ടറിനോടു പറയണം. ഭ്രൂണത്തെ അപായപ്പെടുത്തുമെന്നതുകൊണ്ട് ഗർഭിണിയാണെങ്കിലും ഗർഭം ധരിക്കാൻ പദ്ധതിയുണ്ടെങ്കിലതും പറയണം.ഓ പറഞ്ഞു പറഞ്ഞു കാടുകയറി.അമ്മച്ചിക്ക് ഇതു കൊടുക്കണോ വേണ്ടയോ..ഈ ആത്മസഘർഷമാണല്ലോ വടംവലിയിൽ പങ്കെടുക്കുന്നത്.


ഉറക്കം തൂങ്ങുക, തലവേദന, തലക്കു കനം കുറവ്,നിരാശ ( അതു കൊള്ളാം),ഉറക്കമില്ലായ്മ, പ്രഷറു കുറയുക,ഹൃദയതാളത്തിന്റെ നിരക്കു കൂടുക, ങ്ങിയ കാഴ്ച, മൂക്കടപ്പ്, വായ വരളുക, മലബന്ധമോ, വയറിളക്കമോ, ർദ്ദിയോ, ഇതൊക്കെ ഈ മരുന്നുണ്ടാക്കുന്ന അനുബന്ധപ്രശ്നങളാണെന്ന് ഓ൪ത്തപ്പോത്തന്നെ എനിക്കു നിരാശആയി, ആശങ്ക ഓഫ൪ പോലെയും.

കള്ള് (Alcohol) ല്പ്രാസോളത്തിന്റെ അടുത്തു കൂടെപ്പോലും വരാതെ നോക്കണം. രണ്ടും  ഒരു പണിയാ ചെയ്യുന്നെ! കേന്ദ്രനാഡീവ്യൂഹത്തെ അങ്ങു

മന്ദീഭവിപ്പിക്കും. കള്ള് ഈ മരുന്നിന്റെ അനുബന്ധപ്രശ്നങ്ങൾ അധികരിപ്പിക്കുകയും ചെയ്യും. (ഇടക്കു ഇമ്മിണി മധുരക്കള്ള്വല്യമ്മച്ചിക്ക് ആരും കാണാതെ ഞാ൯ കൊടുക്കാറുള്ളതു പുറത്തു പറയല്ലേ.) രണ്ടും ചേ൪ന്നാല്‍ഭൂമി കറങുന്നുണ്ടോടീ”…..രത്നചുരുക്കം…അമ്മച്ചിയുടെ ആശങ്ക കുറഞ്ഞില്ലെങ്കിലും എനിക്കു ഉറങ്ങാൻ പറ്റിയില്ലെങ്കിലും ആല്പ്രാസോളം അമ്മച്ചിക്കു കൊടുക്കേണ്ടല്ലോ…ലേ
No comments:

Post a Comment