Monday 9 December 2013

How to manage cold and fever

തുമ്മൽ കീ ജയ്…!
കുഞ്ഞുനാൾ മുതൽ തലമുറകളായി പകർന്നുകിട്ടിയ സ്വത്താണീ
തുമ്മൽ..! അടുക്കളയിൽ ഒരു പാത്രം കഴുകിയെടുക്കാൻ പോലും ഇതിനിടയിൽ പെടാപാടുപെടണം. ഫാർമസി പഠിച്ചതല്ലേ എന്നു കരുതി
അവിലും, സെട്രിസിനും ഒക്കെ ഓടിയടുത്തു വരും..പുറകെ ഒട്രിവിനും ഉണ്ടാവും, എന്നെ മൂക്കിലെ അഗാധതയിലേക്കൊഴുക്കൂ എന്നു കൊഞ്ചിക്കൊഞ്ചി. (പക്ഷെ ഇവരുടെ പുറകിൽനിന്ന് ഒളിച്ചുനോക്കുകയേയുള്ളൂ. പുതച്ചുമൂടി ആവി പിടിച്ചു,പുതപ്പിനടിയിൽനിന്ന് വിയർത്തമുഖവുമായി ഒന്നു തുറിച്ചുനോക്കിയാൽ പേടിച്ച്  ഓടിപ്പോകുകയും ചെയ്യും. പാവം.)
അവിലുകഴിച്ചാൽ നന്നായി ഉറങ്ങും. തുമ്മിതുമ്മി
നല്ല ക്ഷീണമില്ലേ എന്നെ ആവാഹിച്ചുറങ്ങൂ എന്നാണതു പ്രലോഭിപ്പിക്കാറുള്ളത്. തുമ്മൽ എത്ര ബലമുള്ള കയറിട്ടു വരിഞ്ഞുകെട്ടി പിടിച്ചുനിറുത്തിയാലും രണ്ടുനാൾ കഴിഞ്ഞ് “ എന്നെ വിളിച്ചോ” എന്നു ചോദിച്ച് അതുപിന്നേം ശ്വാസനാളത്തിൽനിന്ന് എത്തിനോക്കും, പുറകേ കൂടും. “എന്നെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളേ “ എന്നു പറഞ്ഞു ഞാ‍ൻ അവിലി’ൽനിന്നു ഒഴിഞ്ഞുമാറുകയാണു പതിവ്.
അടുത്തത് സെട്രിസിന്റെ ഊഴമാണ്.
എന്നെ ആവാഹിക്കൂ, ദിവസത്തിലൊന്നു മതിയെന്ന അപാരനേട്ടമുണ്ട്, ഉറക്കവും ഉണ്ടാവില്ല എന്നാണതിനു പറയാനുള്ളത്. പക്ഷേ, ഞാനാരാ മോള്, അതിലും വീഴില്ലല്ലോ.
എന്നെപ്പോലെ ക്ഷമയില്ലെങ്കിൽ ഇതൊക്കെ കഴിച്ചോളൂ..പക്ഷേ, ആൽക്കോഹോൾ ഒപ്പം കഴിക്കരുത്. കേന്ദ്രനാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുകയാണ് രണ്ടുപേരുടേയും ജോലി..പിന്നെ ബോധം ഒട്ടുമുണ്ടാവില്ല..
യത്രങ്ങൾ പ്രവർത്തിപ്പിക്കുക, വാഹനമോടിക്കുക തുടങ്ങിയ ശ്രദ്ധ കൂടുതൽ പതിപ്പിക്കേണ്ട ജോലികൾ ഒന്നുംചെയ്ത് ആളുകളിക്കാനും നോക്കേണ്ട..
ആകെ ഒരു മന്ദബുദ്ധി റോളായിരിക്കും ആടിത്തീർക്കേണ്ടത്. അതുകൊണ്ട് ഇവ കഴിക്കുമ്പോൾ മന്ദബുദ്ധിയാണെന്ന അഹങ്കാരം ശരീരത്തിന് ഏറെ പ്രയോജനം ചെയ്യും.
ഇനി എന്റെ കഥ തുടരാം…
അങ്ങനെ തുമ്മിതുമ്മി, ആവിപിടിച്ചു രണ്ടുമൂന്നു ദിവസം ഞാനാഘോഷിക്കും. തുമ്മൽ എന്നെ കീഴടക്കാൻ സമ്മതിക്കാതെ, ഒരിക്കലും തലവേദനയോ, സൈനസൈറ്റിസോ ആക്രമിക്കാതെ.
ഒട്രിവിൻ ഇടക്കിടക്ക് മൂക്കിലൊഴിക്കുന്നത് നല്ലതാണ്. നന്നായി മൂക്കടപ്പുണ്ടെങ്കിലും, കുഞ്ഞുകുട്ടികൾ ആവിപിടിക്കാൻ സമ്മതിക്കുന്നില്ലെങ്കിലും ഇതാവാം. പക്ഷേ, ഡോക്ടറിന്റെ നിർദ്ദേശപ്രകാരം
മണിക്കൂറുകളുടെ കൃത്യമായ  ഇടവേളകളിൽ ഒഴിക്കണം. ഇല്ലെങ്കിൽ “അതിപരിചയം അവജ്ഞയുളവാക്കും“ എന്നത് ഇത് അപ്പാടെ അനുസരിച്ചുകളയും, പ്രയോജനപ്പെടില്ല.
പിന്നെ എന്നെ പ്രലോഭിപ്പിക്കാനാ‍യി ഇറങ്ങിത്തിരിക്കുന്ന ഒരു കൂട്ടരുണ്ട്;
പണ്ട് കടലവിൽക്കുന്നൊരാൾ ബസ്സിൽ വന്ന് “ ടൈം പാസ്സ് കടല” വേണോ എന്ന് വിളിച്ചുപറഞ്ഞപോലെ..ആവിപിടിക്കുമ്പോൾ ആ വെള്ളത്തിൽ ഞങ്ങളെയിടൂ…തൊണ്ടയിലെ കിരുകിരുപ്പു ഞങ്ങൾ “ ക്വട്ടേഷനെടുക്കാം” എന്നൊക്കെ പറഞ്ഞുവരും. ഞാൻ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നു കാണുമ്പോൾ
ഓ മടിയാണെങ്കിൽ വേണ്ട, ഞങ്ങളെ കണ്ണിലും മൂക്കിലും ഒക്കെ വാരിത്തേച്ച് സ്നേഹിക്കുന്നവരുണ്ടെന്നുപറഞ്ഞ് വീമ്പിളക്കി കൊഞ്ഞനം
കുത്തി തിരിച്ചു പോകും..മൂക്കിനകവും, കണ്ണും, കുട്ടികളെ പഠിപ്പിക്കാനുള്ള എന്റെ തൊണ്ടയ്ക്കകവും ഒക്കേ വളരെ നേർത്തതാണ്..എരിയുന്ന നിങ്ങളെ അവിടെയൊക്കെ കയറ്റിയിറക്കിയാൽ തൽക്കാലം സുഖമെങ്കിലും പിന്നീടുള്ള
പ്രത്യാഘാതങ്ങൾ എനിക്കു താങ്ങാനാവില്ല എന്നുപറഞ്ഞു ഈ കലപിലഗ്യാങ്ങിനെ അങ്ങോടിക്കും.
പക്ഷേ, ഇന്നലെ ഞാനൊരാളെ കണ്ടു. ജലദോഷം വന്നാൽ ആ‍ന്റിബയോട്ടിക്ക്
കഴിക്കുമത്രേ. ഒരു ഡോക്ടറ് ആന്റിബയോട്ടിക് കുറിച്ചുകൊടുത്തില്ലെന്നു പറഞ്ഞു അടുത്തഡോക്ടറിന്റെയടുത്തേക്ക് പോകുന്ന വഴിക്കാണു ഞാനയാളെ കണ്ടത്. “ആന്റിബയോട്ടിക്ക് രോഗികൾ നിർബദ്ധിച്ചു കുറിപ്പിക്കാറുണ്ട്, ഞാൻ കൊടുത്തില്ലെങ്കിൽ വെറെ ഡോക്ടറുടെ അടുത്തുപോകും“ എന്ന് ഒരു ഡോക്ടർസുഹൃത്ത് പറഞ്ഞതോർത്തു ഞാൻ നെടുവീർപ്പിട്ടു. (അടുത്തിരുന്ന പാരാസെറ്റമോൾ ആ കാറ്റിൽ പറന്നുപോയി എന്നാണോർമ്മ.)
“ജലദോഷപ്പനിക്ക് ആന്റിബയോട്ടിക്ക് കഴിച്ചിട്ട് കാര്യമില്ല.വൈറസുകളുടെ അവകാശപരിധിയിപ്പെട്ട “ഏരിയ“ യാണത്. ബാക്ടീരിയായും ആന്റിബയോട്ടിക്കും തമ്മിലാണ് “ലിങ്ക്” ചെയ്യേണ്ടത്. പിന്നെ ഒരു തകർപ്പൻ യുദ്ധവും..അതാണ് അതിന്റെയൊരു രീതി.

ഇനി മൂക്കിലെ സ്രവം മഞ്ഞനിറമാകുംവരെ നിങ്ങൾ പലതരത്തിൽ ശരിയായ അവബോധമില്ലാതെ ശരീരത്തെ പീഡിപ്പിക്കുമ്പോൾ മാത്രം പ്രതിരോധശേഷി നഷ്ടപ്പെട്ട് ചുറ്റുംനിൽക്കുന്ന ബാക്ടീരിയകളെ ശരീരം അകത്തേക്കു വിളിക്കും, അവർ മൂക്ക്, തലയോട്ടിക്കുള്ളിലെ വായു അറകൾ ശ്വാസകോശം ഇവയൊക്കെ ആക്രമിച്ച്, അതു നമ്മളെ അറിയിക്കാൻ മഞ്ഞകലർന്ന പച്ചനിറവും, തലവേദനയും, ചുമയും…ഒക്കെ ഉണ്ടാക്കിത്തരും.
അപ്പോൾ ആന്റിബയോട്ടിക്കാഘോഷം തീർച്ചയായും വേണം“.കൌൺസിൽ ചെയ്തു വീഴിക്കുമെന്ന എന്റെ അഹങ്കാരകൊട്ടാരം തകർത്തെറിഞ്ഞ 

അയാൾ ഇതുവരെ എന്നെ ആരുംനോക്കിയിട്ടില്ലാത്തവിധം തുറിച്ചുനോക്കി കടന്നുപോയി..കണ്ണേറ്റുവെന്നു തോന്നുന്നു..നല്ല ക്ഷീണം.
ആ ക്ഷീണം തീർക്കാനാണീ കുറിപ്പ്..
നന്ദി


No comments:

Post a Comment